08:56am 26 November 2026
NEWS
സർക്കാർ മാറുമ്പോൾ പ്രോസിക്യൂഷന്റെ സ്വഭാവവും മാറുന്നത് ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെ ദുരവസ്ഥ: ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി
26/11/2026  08:20 AM IST
നിയമകാര്യലേഖകൻ
സർക്കാർ മാറുമ്പോൾ പ്രോസിക്യൂഷന്റെ സ്വഭാവവും മാറുന്നത് ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെ ദുരവസ്ഥ: ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി

ന്യൂഡൽഹി: രാഷ്ട്രീയ അധികാരമാറ്റത്തിനനുസരിച്ച് പ്രോസിക്യൂഷന്റെ സമീപനം മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി. ജോലിക്ക് പണം വാങ്ങിയെന്ന കേസിൽ പ്രതിയായ തമിഴ്‌നാട് മുൻമന്ത്രി വി. സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു പരാമർശം.
കേസ് പരിഗണിക്കാനുള്ള തീയതി സംബന്ധിച്ച വാദത്തിനിടെ, അടിസ്ഥാന ക്രിമിനൽ കേസുകൾ 2021-ലും 2022-ലുമാണ് രജിസ്റ്റർ ചെയ്തതെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിനു ശേഷമാണ് ബാലാജിക്കെതിരായ വിചാരണ പുരോഗമിക്കുന്നതെന്ന സൂചന സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ഷക്‌ധർ നൽകിയതോടെയായിരുന്നു കോടതിയുടെ പ്രതികരണം.
ഒരു സർക്കാർ നടപടികൾ വൈകിപ്പിക്കുകയും മറ്റൊരു സർക്കാർ അതിവേഗം മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യം ക്രിമിനൽ നീതിന്യായ നിർവഹണത്തിലെ ഏറ്റവും മോശമായ വശമാണെന്ന് ജസ്റ്റിസ് ബാഗ്ചി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഭരണനേതൃത്വം മാറുന്നതിനനുസരിച്ച് പ്രോസിക്യൂഷന്റെ സ്വഭാവവും മാറരുതെന്നും പ്രോസിക്യൂട്ടറിൽനിന്ന് ന്യായവും വിവേകപൂർണവുമായ സമീപനമാണ് കോടതി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ബന്ധപ്പെട്ട നടപടികൾ മാറ്റിവയ്ക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകി. വിഷയം ഡിസംബർ 14-ന് ആരംഭിക്കുന്ന ആഴ്ചയിലെ ഒരു തീയതിയിലേക്ക് മാറ്റിവയ്ക്കാനാണ് കോടതി നിർദേശിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img